17/06/2026
മാടൻ മോക്ഷം: ഒരു പുസ്തകത്തിൻ്റെ ,നാടകാനുഭവത്തിന്റെ ഓർമ്മക്കുറിപ്പ്.
വളയൻചിറങ്ങര സുവർണ്ണ തിയേറ്റേഴ്സിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ, ആലപ്പുഴ മരുതം തിയറ്റേഴ്സ് അവതരിപ്പിച്ച പ്രശസ്തമായ നാടകമായിരുന്നു 'മാടൻ മോക്ഷം'. വിശാലമായ രംഗവേദിയിലെ വിസ്മയിപ്പിക്കുന്ന പശ്ചാത്തല സജ്ജീകരണങ്ങൾ തികച്ചും അത്ഭുതത്തോടെയാണ് ഞാൻ കണ്ടിരുന്നത്. കേരളീയ ഗ്രാമഭംഗി അപ്പാടെ രംഗത്ത് എത്തിക്കുന്നതിൽ കലാസംവിധാനത്തിന്റെ അസാധാരണമായ വൈഭവം വ്യക്തമായി കാണാമായിരുന്നു.
ഒരു നെൽവയലും നടവരമ്പും തോടും കുളവും, പാടവരമ്പിലെ മാടൻതറയും വള്ളിപ്പടർപ്പും കരിമ്പനയും... ഏതാണ്ട് നിശബ്ദവും ആളൊഴിഞ്ഞതുമായ, ഒറ്റയ്ക്ക് അവിടേക്ക് കടന്നുചെല്ലാൻ ഭയം തോന്നുന്ന തുമായഒരിടം! അധഃകൃതരുടെ ദൈവം എന്ന് വിളിക്കുന്ന മാടൻ, മറുത മുതലായ കുലദേവതകളുടെ ഇരിപ്പിടം . രംഗത്ത് ഒരു പുനഃപ്രതിഷ്ഠ നടത്തിയത് പോലെയായിരുന്നു ആ നാടകത്തിന്റെ സെറ്റ്. മാടനും മാടന്റെ പൂജാരിയായ കുഞ്ഞനും സംവദിക്കുന്ന പാതിരാവുകളിൽ വേദിയിലേക്ക് എത്തുന്ന പ്രകാശസംവിധാനം മറ്റൊരു വിസ്മയമായിരുന്നു. നാടൻ വാദ്യോപകരണങ്ങളും വായിത്താരികളും സംഗീതസംവിധാനത്തിന് ഉപയോഗിച്ചതും നാടകത്തിന്റെ തനിമ നിലനിർത്തി. മാടനായി വേഷമിട്ട ജയചന്ദ്രൻ തകഴിക്കാരനും, കുഞ്ഞനായി (പൂജാരി) വന്ന പ്രമോദ് വെളിയനാടും ഈ രണ്ട് അതുല്യ കഥാപാത്രങ്ങളെ കാണികളുടെ മനസ്സിലേക്ക് ആഴത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു.
പ്രശസ്ത എഴുത്തുകാരൻ ജയമോഹന്റ മാടൻ മോക്ഷംഎന്ന നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായിരുന്നു അത്. പൊതുവേ ജയമോഹന്റെ കൃതികളോട് ഇഷ്ടമുള്ള ഞാൻ 'മാടൻ മോക്ഷം' എന്ന നോവലും തേടിപ്പിടിച്ചു വായിക്കുകയായിരുന്നു. നോവലിനോട് പൂർണ്ണമായും നീതിപുലർത്തുന്നതായിരുന്നു ആ നാടകം.
നോവലിൽ ജയമോഹൻ ഇങ്ങനെ പറഞ്ഞുവെക്കുന്നു.
ഇന്ത്യയിൽ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകയറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചുകാണിക്കുന്ന നോവലാണ് മാടൻമോക്ഷം. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് മാടൻ. ശരിക്കു പറഞ്ഞാൽ ദൈവങ്ങളിലെ ഒരു ദലിതൻ. ചുടലമാടൻ എന്നും പേരുവിളിക്കും; അതായത് ചുടല കാക്കുന്നവൻ, ശ്മശാനകാവൽക്കാരൻ.
കൊല്ലത്തിലൊരിക്കൽ, അധഃകൃതജാതിയിൽപ്പെട്ടൊരാൾ കൊണ്ടുചെന്നുകൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവർക്ക് മാടൻ ആകാശത്തുനിന്നുള്ള ദൈവമല്ല, ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നോവലിലുള്ളത്.
മലയാള നോവൽ സാഹിത്യത്തിൽ സാമൂഹ്യവിമർശനത്തിന്റെ അസാധാരണവും അതിനിശിതവുമായ ഒരു പൊളിച്ചെഴുത്തു നടത്തുന്ന കൃതിയാണിത്. ആത്മസമർപ്പണം കൊണ്ടും മികച്ച അഭിനയം കൊണ്ടും ആലപ്പുഴ മരുതം തിയറ്റേഴ്സ് വേദിയിൽ മുന്നോട്ടുവെക്കുന്ന ആശയവും മറ്റൊന്നല്ല.
കലേശൻ ചിത്രവീട്