28/10/2021
നാരകം.... വിളവെടുക്കാം
നാരകം നട്ടിടം മുടിയുമെന്ന പഴഞ്ചൊല്ലിൽ വിശ്വസിക്കുന്ന അനേകം പേരുണ്ട് നമ്മുടെ കേരളത്തിൽ. കൃഷി ചെയ്തു അതിൽ നിന്ന് വൻ വിളവ് കൊയ്യുന്ന ഒട്ടനവധി കർഷകരെ ഇന്ന് കേരളത്തിൽ കാണാം.
അല്ല ഒരു സംശയം നാരകം നട്ടിടം മുടിയുമെന്ന് പറഞ്ഞിട്ട്, ഈ കാണാവുന്ന നാരങ്ങ മുഴുവൻ കടകളിൽ, റോഡ് സൈഡിലുമൊക്കെ കൂട്ടി ഇട്ടു വിൽക്കുന്നത് കാണുന്നുമുണ്ട്.. അപ്പൊ ആ കർഷകരൊക്കെ മുടിയാണമല്ലോ...അങ്ങിനെ മുടിഞ്ഞു മുടിഞ്ഞു,നാരങ്ങ എന്നൊരു ബല്യ സംഭവം വംശനാശം സംഭവിക്കേണ്ടതല്ലേ????
എന്തായാലും അത്തരത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തില്ലെങ്കിലും നമ്മുടെ ദൈനംദിന ആവശ്യത്തിനു വേണ്ടിയുള്ള നാരങ്ങയെങ്കിലും കിട്ടുവാൻ നാരകം നട്ടുപിടിപ്പിക്കുക.
പ്രധാനമായും കേരളത്തിൽ കണ്ടുവരുന്ന നാരകങ്ങളാണ് കറി നാരകം, ചെറുനാരകം, മധുര നാരകം, ഒടിച്ചുകുത്തി നാരകം, ബബ്ലൂസ്, മുസംബി തുടങ്ങിയവ. എന്നാൽ നാരകം നട്ട് കാലങ്ങൾക്ക് ശേഷവും അതിൽനിന്ന് വിളവ് ലഭിക്കുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. അല്പം പരിചരണം ഉണ്ടെങ്കിൽ ഏതു കായ്ക്കാത്ത നാരകവും കായ്ക്കും.
നാരകം കൃഷി വിജയിക്കാൻ ചില വിദ്യകൾ
നല്ല വളക്കൂറുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും തിരഞ്ഞെടുക്കൽ ആണ് അതിൽ ഏറ്റവും പ്രധാനം. വലിയ മുതൽ മുടക്ക് ഒന്നും ഇല്ലാതെ ഈ കൃഷിരീതിയിൽ നിന്ന് കായ്ഫലം നമുക്ക് ലഭ്യമാക്കാം.
നാരകം വെക്കുമ്പോൾ തന്നെ അടിവളമായി ചാണകം ചേർത്തിരിക്കണം. ചാണകം മാത്രം ചേർത്തുകൊണ്ട് ഒരിക്കലും നിങ്ങൾ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയവ നല്ല രീതിയിൽ നാരകത്തിന് ലഭിച്ചാൽ നല്ല വിളവ് തരൂ. ഒരിക്കലും നാരകം മറ്റു ചെടികൾക്കിടയിൽ ഇടവിളയായി കൃഷി ചെയ്യരുത്. നല്ല സൂര്യപ്രകാശം ഇതിന് വേണമെന്നത് ഏറ്റവും പ്രധാനമാണ്. അമിത കീടനാശിനി പ്രയോഗം ഇതിന് ആവശ്യമില്ല. വേനൽക്കാലത്ത് തടം കോരി രണ്ടുതവണയെങ്കിലും നനയ്ക്കാൻ ശ്രദ്ധിക്കണം. അമിത നന നരകത്തിന് വേണ്ട. അതുപോലെതന്നെ കായ്ഫലം ലഭിച്ചതിനുശേഷം പ്രൂണിങ് അഥവാ കൊമ്പുകോതൽ നാരകത്തിൽ പ്രധാനമാണ്. ആരോഗ്യമില്ലാത്ത തണ്ടുകളും നാരകം ഉണ്ടായി ഞെട്ടുകളും കളയണം. പുതിയ തണ്ടിൽ നിന്ന് നാരകം ഉണ്ടാവുകയുള്ളൂ. എല്ലുപൊടി പൊട്ടാഷ് വളങ്ങൾ ഉപയോഗം നാരകത്തിൻറെ വളർച്ചയെ ത്വരിതപ്പെടുത്താൻ മികച്ചതാണ്. നല്ല രീതിയിൽ ഇതിന്റെ വേരോട്ടം സാധ്യമാക്കുവാൻ അതിനു ചുറ്റുമുള്ള മണ്ണ് നന്നായി ആഴത്തിൽ ഇളക്കി കൊടുക്കുകയും വേണം. ഇതിൽ പ്രധാനമായും കണ്ടുവരുന്നത് ചിത്രശലഭം പുഴുക്കളുടെ ആക്രമണമാണ്. ഇത് തടയുവാൻ വെപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ആണ് മികച്ചത്. ഇതിൻറെ ഇലകൾ ചുരുണ്ട് പോകുന്നതിനും ഈ മിശ്രിതം തന്നെയാണ് ഫലപ്രദമായ രീതി.
മറ്റൊരു വളക്കൂട്ട്...ഈ മിശ്രിതം തയ്യാറാക്കുവാൻ പ്രധാനമായും വേണ്ടത് ചാരവും ചാണകവും എല്ലുപൊടിയും ആണ്. ഒരു കപ്പ് പച്ചച്ചാണകവും ഒരു കപ്പ് ചാരവും അരക്കപ്പ് എല്ലുപൊടിയും ഒരു ബക്കറ്റിലേക്ക് എടുക്കുക. അതിലേക്ക് രണ്ടര കപ്പ് വെള്ളവും ഒഴിച്ചു ചേർത്ത് നന്നായി ഇളക്കുക. ചെറിയ നാരകത്തിന് ആണെങ്കിൽ നാല് ലിറ്റർ വെള്ളവും കൂടി ഇതിലേക്ക് ഒഴിച്ചു ചേർക്കുക. അതിനുശേഷം നരകത്തിൻറെ ചുറ്റുമുള്ള മണ്ണ് നന്നായി ഇളക്കി തടം കോരുക. ഈ തടത്തിലേക്ക് നിങ്ങൾ തയ്യാറാക്കിയ മിശ്രിതം ഒഴിച്ചുകൊടുത്തു മേൽ മണ്ണിട്ട് മൂടുക. അതിനുശേഷം മുകൾഭാഗം അല്പം നനച്ചു കൊടുക്കുക കൂടി ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി നാരകത്തിൽ നിന്ന് നല്ല കായ്ഫലം ലഭിക്കും. എല്ലാത്തരം നാരകത്തിലും ഈ പ്രയോഗം ചെയ്യാം.
നാരകം കൃഷിയുടെ , നോട്ടു ചെയ്തു വെച്ച ചില ടിപ്പുകളാണ് മുകളിൽ പറഞ്ഞത്..
❤️❤️❤️❤️
എന്റെ തോട്ടത്തിൽ ഒരിക്കൽ നാരകം നട്ടു. പക്ഷെ രക്ഷപ്പെട്ടു കിട്ടിയില്ല.. നല്ല വിളവൊക്കെ തന്നു തുടങ്ങി, ഒരു ഫംഗസ് ബാധ അതിനേ കൊന്നു..
എന്റെ കുറച്ചു അശ്രദ്ധയും കാരണമായി.
അത് പോട്ടെ..
നാരങ്ങ സ്ഥിരമായി ഞാൻ വാങ്ങും..10 15 വീതം.. പക്ഷെ ഒരു ലൈം ജ്യൂസ് അടിക്കാൻ നോക്കിയാൽ ഒന്നുകിൽ ഫ്രിഡ്ജിലെ തട്ടിൽ ചുരുണ്ടു കൂടി നീരോക്കെ വലിഞ്ഞു, അല്ലെങ്കിൽ ചീഞ്ഞ്...ഈ രണ്ട് കോലത്തിലാവും മിക്കവാറും കയ്യിൽ കിട്ടുക..
പിന്നൊരു പരീക്ഷണം നടത്തി..അത് പക്ഷെ അടിപൊളി വിജയമായി.
നല്ല മൂത്ത് വിളഞ്ഞു പഴുത്ത 25 നാരങ്ങ വാങ്ങി. രണ്ടായി പിളർന്നു കുരു നീക്കം ചെയ്തു നാരങ്ങ ഞെക്കിയിൽ പിഴിഞ്ഞ് നേരെടുത്തു. ശേഷം ഐസ്ക്യൂബ് ട്രേ യിൽ നിറച്ചു ഫ്രീസറിൽ വെച്ചു. (നിറക്കുമ്പോ കുറച്ചു ക്യൂബ് പകുതി ആയി നിറച്ചാൽ മതി. ഒരു glass ജ്യൂസ് ഒക്കെ ഉണ്ടാക്കാൻ അത് മതി..) ലെമൺ ജ്യൂസ് ഐസ് ആയി ക്കഴിഞ്ഞാൽ ട്രേയിൽ നിന്നു എടുത്തു ഒരു കണ്ടെയ്നർ ഇൽ ആക്കി ഫ്രീസറിൽ തന്നെ സൂക്ഷിക്കാം.
❤️❤️❤️നീര് പിഴിഞ്ഞ നാരങ്ങ തൊണ്ടിൽ ഉപ്പും മഞ്ഞൾപൊടി മുളക് പൊടി കായം എന്നിവ നന്നായി പുരട്ടി ആവിയിൽ ഒന്ന് വേവിച്ചു, നല്ല വെയിലിൽ ഉണക്കിയെടുത്താൽ അച്ചാറിടാൻ സൂപ്പർ ആണ് 🙏🙏🙏
Courtesy Mehru Anwar